Thursday, 1 March 2018

ഫാസിസ പ്രതിരോധമെന്ന യഥാർത്ഥ ഫാസിസം

നവ മാധ്യമങ്ങളിൽ ഈയിടെ സംഘി അല്ലെന്ന് അറിഞ്ഞിട്ടും ചിലർക്ക് സംഘി ചാപ്പ അടിച്ചു കൊടുക്കുന്നതിന്റെ ലക്ഷ്യം വായ് മൂടി കെട്ടുക എന്നതാണ്.

ഇനി ഒരിക്കലും സമാന വിഷയത്തിൽ പ്രസ്തുത വ്യക്തി അഭിപ്രായം പറഞ്ഞു പോകരുത് / മൗലീക വാദികൾക്ക് അനുകൂലമായ രീതിയിൽ മതേതറ (മതേതര - അല്ല) നിലപാടുകൾ സ്വീകരിക്കണം. അതിനു വേണ്ടിയാണ് ഈ ചാപ്പയടി. ഇതിൽ ഏറെകുറേ അവർ വിജയിച്ചു വരുന്നും ഉണ്ട്.

നമ്മുടെ സമകാലീക കേരളത്തിൽ സംഘപരിവാർ ഫാസിസത്തെ നിശിതമായി നവമാധ്യമങ്ങളിലൂടെ  വിമർശിച്ചിരുന്ന ചില വ്യക്തികൾ പിന്നീട് GSTയേ അനുകൂലിച്ചപ്പോഴും, കമ്മൂണിസ്റ്റ് ഫാസിസത്തെ വിമർശിച്ചപ്പോഴും അനുഭവിച്ച പ്രശ്നങ്ങൾ കണ്ടതാണ്.

ഫലമെന്തായി. ചിലർ ഫേസ് ബുക്ക് ഉപേക്ഷിച്ചു. ബാക്കിയുള്ളവർ ക്ഷമ പറഞ്ഞാൽ അവർക്ക് അവരുടെ ജീവനോപാധികളുമായി മുൻപോട്ടു പോകാം എന്ന നിലയിലെത്തി.  സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതിരിക്കുക! തങ്ങൾക്ക് അനുകൂലമല്ലാത്ത നിലപാടുകൾ എടുക്കുന്ന വ്യക്തികളെ നിശ്ശബ്ദരാക്കുന്ന തന്ത്രം.

അതു പോലെ  ചില പ്രത്യേക രാഷ്ട്രീയത്തിന്റെ കുത്തക പൂർണ്ണമായും നിലനിന്നിരുന്ന മേഖലയാണ് മലയാളം ബ്ലോഗുകൾ. ആ ബ്ലോഗുകളിൽ “കാർഗിൽ യുദ്ധം ഇന്ത്യയുടെ സൃഷ്ടിയോ? , “മുംബൈ ആക്രമണം ആർഎസ്എസ് നടത്തിയതോ ? തുടങ്ങിയ ഗംഭീര വിഷയങ്ങൾ ചർച്ചക്ക് വന്നിരുന്നു. ചില അഭിനവ ബുജികൾ  ഇത്തരം ലേഖനങ്ങൾ എഴുതി കുവിടുകയും കുറേ സൈബർ പോരാളികൾ അതിൽ കമന്റുകൾ കൊണ്ട് നിറക്കുകയുമായിരുന്നു പതിവ്.

ആ സ്‌പേസിലേക്കാണ് നിഷ്പക്ഷരായ തീവ്രഹിന്ദു വർഗ്ഗീയത അല്ലാത്ത ആളുകൾ നടന്നു കയറിയത്. കൃത്രിമ  പ്രൊപ്പഗണ്ടകൾ ചോദ്യം ചെയ്യപ്പെട്ടു എന്നല്ല നിഷ്ടൂരമായി തെളിവുകൾ സഹിതം കീറി എറിയപ്പെട്ടു തുടങ്ങി.


അതിനെ പരാജയപ്പെടുത്താൻ സ്വീകരിക്കപ്പെട്ടത് ഫാസിസത്തിന്റെ അടുത്ത തന്ത്രമാണ്. “സാമൂഹിക ഉന്മൂലനം”. സൈബർ ലോകത്ത് അത് ബ്ലോക്കും ഊരു വിലക്കുമാണ്. തങ്ങൾക്ക് താത്പര്യമില്ലാത്ത ആളുകളെ ബ്ലോക്ക് ചെയ്യാനും അവരുടെ ബ്ലോഗുകൾ തിരസ്കരിക്കാനും എടുക്കപ്പെട്ട തീരുമാനം ഇന്ന് നവമാധ്യമങ്ങളിലും തുടരുന്നു.

വേറൊരു തന്ത്രം സ്മാർത്തവിചാരമാണ്. “അയ്യേ ഇയാളിങ്ങനെയാണൊ ഇത്ര മോശക്കാരനാണെന്ന് ഞാനറിഞ്ഞില്ല“ എന്ന് എതിരാളിയെ പേരെടുത്ത് പറഞ്ഞ് ആരെങ്കിലും ആദ്യം ഒരു കുറിപ്പിറക്കും. അതിന്റെ കമന്റുകളായി അയാളൊക്കെ തമാശയല്ലേ ചേട്ടാ തുടങ്ങി ആ വ്യക്തി ആദ്യ ദിനം സൈബർ ലോകത്ത് വന്നതുമുതലുള്ള ‘ഹിസ്റ്റോറിക്കൽ ഓഡിറ്റിങ്ങ്‘ തുടങ്ങും. അതിന്റെ തുടർച്ചയായി ഇയാൾ വെറും ഒരു സംഘിയായി മാറി, ഞാനിയാളെ ബ്ളോക്കുന്നു എന്ന വിധി നിശ്ചയിയ്ക്കലുമായി കുറേ കുറിപ്പുകളിറങ്ങും. ആളൊരു സെലിബ്രിറ്റിയാണെങ്കിൽ കൂലി ട്രോളെഴുത്ത് വ്യക്തിഹത്യയുടെ അങ്ങേത്തലയ്ക്കൽ നിൽക്കുന്ന ട്രോളുകൾ ഹാസ്യമെന്ന നിലയിൽ നിരന്തരം പുറത്തു വന്നുകൊണ്ടിരിയ്ക്കും. അതോടെ ഈ ബഹളം കണ്ട് അമ്പരന്ന് നിൽക്കുന്നവനെ ഊരുവിലക്കിയത് പോലെയാകും. സോഷ്യൽ ശവമടക്ക്. ഭ്രഷ്ട് കൽപ്പിക്കൽ. പിന്നെ മിണ്ടാതെ വേറൊരു സ്വത്വം സ്വീകരിയ്ക്കുക മാത്രം പോംവഴി.

രാജ്യസ്നേഹം സമം സംഘപരിവാർ എന്ന് ഇവർ തന്നെ ചാർത്തിക്കൊടുക്കുന്ന സമവാക്യമാണ്.

ചില വ്യക്തികളെക്കുറിച്ച് ഉദാഹരണമായി പറയാം..

പഴയകാല സോവിയറ്റ് യൂണിയനിൽ ഗോസ്കൊമിദാട് Goskomizdat എന്നൊരു വിഭാഗമുണ്ടായിരുന്നു. ആരെന്തെഴുതണം, എങ്ങനെയെഴുതണം, എന്ത് പ്രസിദ്ധീകരിയ്ക്കണമെന്നുമൊക്കെ തീരുമാനിച്ചിരുന്നത് പാർട്ടിയുടെ ആ വിഭാഗമായിരുന്നു.


സോഷ്യലിസ്റ്റ് റിയലിസത്തിനു ചേരുന്നതല്ല എന്ന് കണ്ട് ബോറിസ് പാസ്റ്റർനാക് എഴുതിയ നൊബേൽ സമ്മാനം നേടിയ ഡോക്ടർ ഷിവാഗോ എന്ന പുസ്തകം അവർ നിരോധിച്ചതാണ്. ആരുമറിയാതെ യൂറോപ്പിലേയ്ക്ക് കടത്തിയ അതിന്റെ കയ്യെഴുത്ത് പ്രതി യൂറോപ്പിലാണ് പ്രസിദ്ധീകരിച്ചത്.


ബോറിസ് പസ്റ്റർനക് എന്ന് പറഞ്ഞാലോ ഡോക്ടർ ഷിവാഗോ എന്ന് പറഞ്ഞാലോ ചിലർക്ക് കേരളത്തിൽ ഇന്നും ചൊറിഞ്ഞ് കയറും. ഇന്നും അവർ അദ്ദേഹം അമേരിയ്ക്കൻ സാമ്രാജ്യത്തത്തിന്റെ ചെരുപ്പുനക്കിയായിരുന്നുവെന്ന് സിദ്ധാന്തിയ്ക്കും.

സ്റ്റാർ ചാനൽ കേരളത്തിലെ ഗ്രാമങ്ങളിൽപ്പോലും ലഭ്യമായി തുടങ്ങിയ ആദ്യ കാലങ്ങളിൽ ഡോക്ടർ ഷിവാഗോ എന്ന പുസ്തകത്തെ അവലംബമാക്കിയ അതേ പേരുള്ള സിനിമ അതിൽ പ്രക്ഷേപണം ചെയ്തു. ഇത് അമേരിയ്ക്കൻ സാമ്രാജ്യത്തത്തിന്റെ വീടുകളിലേയ്ക്കുള്ള കടന്നു കയറ്റമാണ് എന്ന് കേരളത്തിലെ കവലകളിൽ ചിലർ  പ്രസംഗിച്ചിരുന്നത് വായിച്ചീട്ടുണ്ട്.


നിക്കോളാ ബുഖാരിൻ ബോൾഷെവിക് പാർട്ടി അംഗമായിരുന്ന വലിയൊരു ചിന്തകനും ശാസ്ത്രജ്ഞനുമായിരുന്നു. ബോൾഷെവിക് പാർട്ടിയിലായിരുന്നിട്ട് കൂടി അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും നിഷ്കരുണമായി വധിയ്ക്കാൻ ഉത്തരവിടപ്പെടുകയും ചെയ്യപ്പെട്ടു. വ്യക്തമായി ഒരു കാരണവുമില്ല. സ്റ്റാലിന് അയാളെ ഇഷ്ടമല്ല അതു തന്നെ. റൊമൈൻ റോളണ്ടിനെപ്പോലെയുള്ള ലോകത്തെ അന്നത്തെ പ്രമുഖ സാംസ്കാരിക നായകർ വരെ ബുഖാരിനെ കൊല്ലരുതെന്ന് കാലിൽ വീണപേക്ഷിച്ചിട്ടും സ്റ്റാലിൻ അദ്ദേഹത്തെ വെടിവച്ചു കൊന്നു. മരിയ്ക്കുന്നതിനു തൊട്ടു മുന്നേ ബുഖാരിൻ സ്റ്റാലിനൊരു കുറിപ്പ് കൊടുത്തയച്ചു.


“കബാ (സ്റ്റാലിനോട് വളരെ അടുപ്പമുള്ളവർ അയാളെ വിളിച്ചിരുന്ന പേരാണത്) ഞാൻ മരിച്ചിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാണുള്ളത്?“


നോബൽ സമ്മാനം ലഭിച്ച പ്രൊഫസർ. ല്യൂ സിയോബോ ഉൾപ്പെടെ അനേകം എഴുത്തുകാരേയും കലാകാരന്മാരേയുമാണ് ചൈന തടവിലിട്ടിരുന്നത്. പലരും ഇപ്പോഴും വീട്ടുതടങ്കലിൽ ആണ്. ഉത്തര കൊറിയയുടെ കാര്യം പറയേണ്ടതില്ലല്ലോ.

അപ്പോൾ പറഞ്ഞ് വന്നത് , ശക്തി ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുക, എതിർ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുക തുടങ്ങി ഫാസിസത്തിന്റെ ലക്ഷണമൊത്തത്തൊരു സ്‌പേസാണ് മലയാളം ഓൺലൈൻ ലോകം. അവർക്ക് പൂർണ്ണമായ അധികാരം കിട്ടാത്തത് കൊണ്ട് മാത്രമാണ് ശാരീരികമായ ശിക്ഷാവിധികൾ ഇല്ലാത്തത്.

മലയാളം വെബ് ലോകത്ത്  ഭൂരിപക്ഷ വർഗ്ഗീയതയേയും, ഭൂരിപക്ഷ മതവിശ്വാസങ്ങളേയും വിമർശിക്കുന്നവർ മാത്രമാണ് ബഹു ഭൂരിപക്ഷവും. 

എന്തായാലും, ഈ അവസ്ഥാ വിശേഷത്തിന് ഇനി ദീർഘായുസ്സില്ല.

ജനങ്ങൾക്ക് ഇന്റർ നെറ്റും സാമൂഹിക മാദ്ധ്യമങ്ങളും വലിയൊരു മാർഗമാണ് തുറന്നു കൊടുത്തിരിക്കുന്നത്. ഇരട്ടത്താപ്പുകളും പ്രൊപ്പഗാണ്ടകളും അവർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. സാമൂഹികമായി ഉന്മൂലനം ചെയ്യപ്പെടും എന്ന് ഉറപ്പായിട്ടും, ഇതിനെതിരെ ശബ്ദമുയർത്താൻ കൂടുതൽ  ആളുകൾ രംഗത്ത് വരുന്നത് ഒരു ശുഭസൂചനയാണ്. പെരും നുണകളുടെ മേലും പരാജയപ്പെട്ട തത്വശാസ്ത്രങ്ങളുടെ മേലും കെട്ടിപ്പൊക്കപ്പെട്ട വ്യവസ്ഥിതികൾ എല്ലാം തകർന്നിട്ടുണ്ട്. ഇനിയും അത് തകരുകതന്നെ ചെയ്യും.

Wincent Joseph

No comments:

Post a Comment